Panthalam Keralavarmma

പാണ്ഡിത്യത്തിന്റെ പാരമ്പര്യമുണ്ടായിരുന്ന പന്തളം രാജകുടുംബത്തില്‍ കൊല്ലവര്‍ഷം 1054 മകരം 10ന് (1879 ജനവരി) പന്തളം കേരളവര്‍മ ജനിച്ചു. അമ്മ പുത്തന്‍കോയിക്കല്‍ അശ്വതിനാള്‍ തന്വംഗിത്തമ്പുരാട്ടി. അച്ഛന്‍ കോട്ടയം പുതുപ്പളളി തൃക്കോതമംഗലം പെരിഞ്ഞേലി ഇല്ലത്ത് വിഷ്്ണുനമ്പൂതിരി. പാരമ്പര്യ രീതിയിലുള്ള സംസ്‌കൃത വിദ്യാഭ്യാസം നേടി. ബാല്യത്തില്‍ത്തന്നെ കവിതാരചന തുടങ്ങി. ഇരുപതു വയസ്സായപ്പോഴേക്കും കവി എന്ന നിലയില്‍ അറിയപ്പെട്ടുകഴിഞ്ഞിരുന്നു. 1904 നവംബര്‍ 16ന് കവനകൗമുദി എന്ന പദ്യപാക്ഷികം സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും ആരംഭിച്ചു. അതില്‍ അറിയിപ്പ്, പരസ്യം, മുഖപ്രസംഗം, വാര്‍ത്ത, ഗ്രന്ഥനിരൂപണം തുടങ്ങി എല്ലാ ഇനങ്ങളും പദ്യത്തിലായിരുന്നു. ദ്രുതകവിതാ രചനയില്‍ സമര്‍ഥനായിരുന്ന കേരളവര്‍മ കവനകൗമുദിയില്‍ കൂട്ടുകവിതകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി. ഇന്നും പ്രസക്തമായ പല വിഷയങ്ങളെക്കുറിച്ചും മുഖപ്രസംഗങ്ങളും എഴുതി. രുഗ്മാംഗദചരിതം മഹാകാവ്യം, വിജയോദയം കാവ്യം, കഥാകൗമുദി, വഞ്ചീശശതകം, മാര്‍ത്താണ്ഡദേവോദയം, സൂക്തിമാല, വേണീസംഹാരം, ദൂതവാക്യം, ശബരിമലയാത്ര, സുംഭനിസുംഭവധം, ഭുജംഗസന്ദേശം തുടങ്ങിയവയാണ് ജീവിതകാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ കൃതികള്‍. പ്രസിദ്ധമായ ഒട്ടേറെ ബാലകവിതകളും അദ്ദേഹം രചിച്ചു. 1979ല്‍ ജന്മശതാബ്ദിക്കാലത്ത് ഭപന്തളം കേരളവര്‍മയുടെ തിരഞ്ഞെടുത്ത കൃതികള്‍' രണ്ടു വാല്യങ്ങളിലായി പ്രകാശിപ്പിച്ചു. കൊച്ചി മഹാരാജാവ് ഭകവിതിലകന്‍' ബിരുദം നല്‍കി. തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിദ്വല്‍ സദസ്സില്‍ അംഗമായിരുന്നു. 1914ല്‍ തിരുവനന്തപുരം എസ്.എം.വി. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അവിടെ കൈതമുക്കില്‍ സ്വന്തമായി വീടുവാങ്ങി താമസമുറപ്പിച്ചു. ഭാര്യ: ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ സഹോദരി അമ്മുക്കുട്ടിഅമ്മ. അഞ്ചു മക്കള്‍. 1094 ഇടവം 24ന് (1919 ജൂണ്‍) നാല്പതാം വയസ്സില്‍ പന്തളം കേരളവര്‍മ്മ അന്തരിച്ചു.

Panthalam Keralavarmma

No products were found matching your selection.