കുട്ടികളുടെ രാമായണം
₹250.00 ₹200.00
20% off
In stock
ഈ പുസ്തകമെഴുതിയ ഗോവിന്ദന്കുട്ടിനായരും ഞാനും ഒരു കാലത്ത് ജാംഷഡ്പൂരില് ഉദ്യോഗസംബന്ധമായി ഒന്നിച്ചു ജീവിച്ചുപോന്നു. അദ്ദേഹം ഒരു സഹൃദയനും ഭാഷാപ്രേമിയും ആണെന്ന് ചിരകാലാനുഭവത്തെ മുന്‍നിര്‍ത്തി എനിക്കറിയാന്‍ സാധിച്ചിട്ടുണ്ട്.
അര നൂറ്റാണ്ട് പിന്നോട്ടു നാമൊന്നു തിരിഞ്ഞുനോക്കുക. ബാലസാഹിത്യം എന്നൊരു വിഭാഗമേ അന്ന് മലയാളസാഹിത്യത്തില്‍ ഉണ്ടായിരുന്നില്ല. അക്കാലത്ത് നമ്മുടെ ബാലമനസ്സുകളുടെ വികാസത്തിനനുയോജ്യമായ വിധത്തില്‍- ഭാരതസംസ്കാരത്തിന്റെ നിലവറയിലേക്കുള്ള ഒരു കൈത്തിരിയുമായി – കുട്ടികളുടെ മഹാഭാരതം എന്ന വിശിഷ്ടകൃതി തന്റെ ഭഗിനീഭാഗിനേയിമാരെക്കൊണ്ട് ബംഗാളിയില്‍നിന്നും തര്‍ജമ ചെയ്യിച്ച് മന്ദത്ത് കൃഷ്ണന് നായരുടെ അവതാരികയോടുകൂടി 1934-ല്‍ ഗോവിന്ദന്‍കുട്ടി നായര്‍ സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് മഹാഭാരതത്തെപ്പറ്റി മനസ്സിലാക്കുവാന്‍ പ്രസ്തുത കൃതി എത്രമാത്രം പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് അതിന്റെ വര്‍ധിച്ചുവരുന്ന ആവശ്യവും അതിനനുസരിച്ചുള്ള പുതിയ പതിപ്പുകളും സാക്ഷ്യം വഹിക്കുന്നു.
ആ മഹനീയകൃത്യം അന്ന് നിര്‍വഹിച്ച നായര്‍ ഇന്നിതാ ആദികവിയുടെ ആദികാവ്യവുമായി ബാലമനസ്സുകളിലേക്ക് പ്രവേശിക്കുന്നു. ‘രാമായണങ്ങള്‍ പലതും കവിവരര്‍ ആമോദമോടു ചമച്ചിരിക്കെ’ ഈ പുതിയ കാല്വെപ്പെന്തിനെന്ന് ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കില്‍ അവരോട് എനിക്ക് ഒന്നേ പറവാനുള്ളൂ. ഭാരതസംസ്കാരമാകുന്ന ഹിമാലയശിഖരത്തില്നിന്നും ഉത്ഭവിച്ച രാമകഥയാകുന്ന ഗംഗാപ്രവാഹം ദക്ഷിണവാരിധിയില് പുതുവീചികളുയര്ത്തുമ്പോള് ആ മോഹനപ്രവാഹത്തിന്റെ സൗകുമാര്യത്തിനോ പ്രൗഢതയ്ക്കോ മങ്ങലേല്ക്കാതെ അതേപടി കുട്ടികളുടെ – പ്രത്യേകിച്ചും ഇന്നത്തെ വിദ്യാര്‍ഥികളുടെ – ഹൃദയത്തില്‍ എത്തിക്കുവാന്‍ ഈ പുസ്തകം ഗണനീയമായ പങ്കുവഹിക്കുമെന്ന് നിസ്സംശയം പറയാം.
വിപുലമായ നമ്മുടെ പുരാണേതിഹാസങ്ങളിലേക്ക് ബാലമനസ്സുകള്ക്കുള്ള ഒരു പ്രവേശികയായി ഈ ഗ്രന്ഥം ഉപകരിക്കുമെന്ന ഉറപ്പോടുകൂടി ഞാനിതു സഹൃദയസമക്ഷം അവതരിപ്പിക്കുന്നു. ഈ കുട്ടികളുടെ രാമായണത്തിന്റെ അവതരണകൃത്യം വയോവൃദ്ധനായ എന്നെക്കൊണ്ടു നിര്വഹിപ്പിച്ചതില് എനിക്കുള്ള കൃതജ്ഞതയും രേഖപ്പെടുത്തട്ടെ.
(അവതാരികയില്‍ കെ. മാധവനാര്)